തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേർക്കു വേണ്ടിയുളള തിരിച്ചിൽ തുടരും. ഇന്നലെ ഉച്ചയോടെയാണ് വർക്കലയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞത്. 23 പേരുണ്ടായിരുന്ന വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. വള്ളത്തിൻറെ ഉടമയായ കഹാറിൻറെ മക്കളായ ഉസ്മാൻ, മുസ്തഫ, മത്സ്യതൊഴിലാളിയായ സമദിനും വേണ്ടിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വള്ളമുങ്ങിയ സ്ഥലത്ത് വലയിൽ മൂന്നുപേരും കുരുങ്ങിയെന്നാണ് സംശയം. പ്രതികൂല കാലാവസ്ഥ ആയതിനാൽ ഇന്നലെ ക്രയിൻ കൊണ്ടുവന്ന വള്ളവും വലയും ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. നേവിയുടെയും തീരസംരക്ഷണ സേനയുടെ സഹായം തേടിയിരുന്നുവെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ഹെലികോപ്റ്ററുകൾ വഴിയുളള രക്ഷാ പ്രവർത്തനം നടത്താനായില്ല
സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിർദേശം. നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ യെല്ലോ അലർട്ടുമുണ്ട്.
ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം.വെള്ളക്കെട്ടിനെയും മലവെള്ളപ്പാച്ചിലിനെയും ഉരുൾപൊട്ടലിനെയും കരുതിയിരിക്കണം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവോണദിനം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്