തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി

0
152

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ, ബുക്കുകൾ, ഇ ജേണൽ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. അടുത്തത് കെട്ടിട നിർമ്മാണമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അനസ്തേഷ്യ വിഭാഗത്തിൽ രണ്ടു അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ബയോകെമിസ്ട്രി വിഭാഗത്തിൽ ഫുള്ളി ആട്ടോമേറ്റഡ് റാൻഡം ആക്സസ് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ, കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി വിഭാഗത്തിൽ പോർട്ടബിൾ എക്സ്റേ മേഷീൻ, കാർഡിയോളജി വിഭാഗത്തിൽ ഇൻട്രാ വാസ്‌കുലാർ അൾട്രാ സൗണ്ട്, ഇ.എൻ.ടി. വിഭാഗത്തിൽ എച്ച്ഡി 3 ചിപ്പ് ക്യാമറ ഫോർ എൻഡോസ്‌കോപ്പി സിസ്റ്റം, ജനറൽ സർജറി വിഭാഗത്തിൽ എച്ച്ഡി ലാപ്രോസ്‌കോപ്പിക് സെറ്റ്, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ഫ്ളൂറോസ്‌കോപ്പ് സി ആം, നിയോനെറ്റോളജി വിഭാഗത്തിൽ രണ്ടു ട്രാൻസ്പോർട്ട് വെന്റിലേറ്റർ, നെഫ്രോളജി വിഭാഗത്തിൽ 10 ഹീമോഡയാലിസ് മെഷീൻ എന്നിവയ്ക്കായി തുക അനുവദിച്ചു.

ന്യൂറോ സർജറി വിഭാഗത്തിൽ വെൻട്രിക്യുലോസ്‌കോപ്പ് ന്യൂറോ എൻഡോസ്‌കോപ്പ്, ഗൈനക്കോളജി വിഭാഗത്തിൽ വെന്റിലേറ്റർ, ഓർത്തോപീഡിക്സ് വിഭാഗത്തിൽ 2 ഒടി ലൈറ്റ് എൽഇഡി വിത്ത് ക്യാമറ, പത്തോളജി വിഭാഗത്തിൽ സെമി ആട്ടോമേറ്റഡ് റോട്ടറി മൈക്രോടോം, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഹൈ എൻഡ് അൾട്രാസൗണ്ട് മെഷീൻ, പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ നാലു ഹീമോഡയാലിസിസ് മെഷീൻ, പിഎംആർ വിഭാഗത്തിൽ കാർഡിയോ പൾമണറി എക്സർസൈസ് സ്ട്രസ് ടെസ്റ്റിംഗ് മെഡിൻ, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ അനസ്തേഷ്യ വർക്സ്റ്റേഷൻ, റീ പ്രോഡക്ടീവ് മെഡിസിനിൽ ഡയഗ്‌നോസ്റ്റിക് ആന്റ് ഓപ്പറേറ്റിംഗ് 2.9 എംഎം ഹിസ്റ്ററോസ്‌കോപ്പി, റെസ്പിറേറ്ററി മെഡിസിനിൽ ലീനിയർ എൻഡോബ്രോങ്കൈൽ അൾട്രാസൗണ്ട് എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.