ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ കോടതിയലക്ഷ്യ കേസുകളിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു

0
119

1992ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ കോടതിയലക്ഷ്യ കേസുകളിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹർജിക്കാരനും മുൻ മുഖ്യമന്ത്രിയും മരിച്ചതും പരാതിക്ക് 30 വർഷത്തെ പഴക്കവും കണക്കിലെടുത്താണ് കോടതി കേസ് നടപടികൾ അവസാനിപ്പിച്ചത്. ഹരജിക്കാരൻ 2010ലാണ് മരിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ്. എസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അന്തിമവിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ കോടതിയലക്ഷ്യകേസുകൾ നിലനിൽക്കില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. 2019ലെ സുപ്രീം കോടതി വിധി കണക്കിലെടുത്താണ് നീക്കം. മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചായിരുന്നു സുപ്രീം കോടതിയുടെ 2019ലെ വിധി.

സുപ്രീം കോടതിക്ക് യു.പി സർക്കാർ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പുനൽകിയിട്ടും രഥയാത്രക്ക് അനുമതി നൽകിയതിലും ബാബരി മസ്ജിദ് തകർക്കുന്നത് തടയുന്നതിൽ വീഴ്ചവരുത്തിയതിനുമാണ് അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിനും മറ്റുള്ളവർക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. മസ്ജിദ് തകർത്തത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ ഹരജികളിലെ നടപടികൾക്കാണ് തീർപ്പ് കൽപ്പിച്ചത്.

1992 ഡിസംബർ ആറിനാണ് കർസേവകർ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തിലിധികം ആളുകൾക്കാണ് കലാപത്തിൽ ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ. എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളായിരുന്നു. പിന്നീട് വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം ഇവരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.