റാഫേൽ കേസ്; പുതിയ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

0
179

ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടിൽ പുതിയ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇന്ത്യയിലുള്ള ഇടനിലക്കാരന് ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന മാധ്യമറിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

പക്ഷെ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാനാകില്ലെന്ന് പുതിയ ചീഫ് ജസ്റ്റിസ് യു യു ലളിത് അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നാണ് അഡ്വ. എം എൽ ശർമ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടത്.

കോടതിയിൽ നിന്നുള്ള എതിരായ ഉത്തരവിന് ശേഷം ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ വീണ്ടും അപേക്ഷ നൽകി. ഈ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. താൻ വിഷയത്തിൽ സിബിഐക്ക് മുമ്പാകെ പരാതി നൽകിയിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു പുതിയ തെളിവുകൾ പുറത്തുവിട്ട് ഫ്രാൻസിൽ നിന്നുള്ള മാധ്യമമായ മീഡിയപാർട്ട് രംഗത്തെത്തിയത്. പ്രസ്തുത കരാറിനായി ദസോ എവിയേഷൻ 65 കോടി രൂപ ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് നൽകിയെന്നാണ് മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധ വിമാന കരാറിൽ സുഷേൻ ഗുപ്തയെന്നയാൾ ഇടനിലക്കാരനായിരുന്നുവെന്ന് മീഡിയപാർട്ട് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് 7.5 മില്ല്യൺ യൂറോ ദസോ ഏവിയേഷൻ നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇൻറർസ്റ്റെല്ലാ‍ർ എന്ന കമ്പനി വഴിയാണ് സുഷേൻ ഗുപ്തക്ക് ദസോ പണം നൽകിയത്. 2007-2012 കാലത്താണ് ഈ പണം ഇൻറർസ്റ്റെല്ലാറിന് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.