ഗോവിന്ദൻ മാഷ് ഇനി സിപിഐഎം പാർട്ടി സെക്രട്ടറി

0
45

സംഘടനയിലേക്ക് വരുന്നവർ സംഘടന എന്തെന്ന് പഠിച്ചു തന്നെ വരണമെന്ന് വാശിയുള്ള മാഷാണ് എം.വി.​ഗോവിന്ദൻ. അധ്യാപനജീവിതം നേരത്തേ നിർത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം.വി.ഗോവിന്ദന് ഏറ്റവും ഇഷ്ടം.

അധ്യാപന ജീവിതത്തിൽ തുടങ്ങി ഇന്ന് സിപിഐഎമ്മിന്റെ സൈദ്ധാന്തി മുഖമാണ് എം.വി.​ഗോവിന്ദൻ. അതുകൊണ്ട് തന്നെ പാർട്ടിയുടെ ‘​ഗോവിന്ദൻ മാഷ്’ സിപിഐഎം സംസ്ഥാന സെക്രട്ടറിയായെത്തുമ്ബോൾ പ്രതീക്ഷകളേറെയാണ് .

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി സിപിഐഎമ്മിന്റെ പ്രമുഖരായിട്ടുള്ള പല നേതാക്കളും പ്രായോ​ഗിക രാഷ്ട്രീയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുമ്ബോഴും സിപിഐഎമ്മിന്റെ സൈദ്ധാന്തിക ശൈലിയിൽ ഉറച്ച്‌ നിന്നുള്ള പ്രവർത്തനത്തിനാണ് എം.വി.​ഗോവിന്ദൻ എന്നും ശ്രമിച്ചിരുന്നത്.

വീടിനടുത്തെ വായനശാലയിലേക്ക് സ്ഥിരം നടന്നിരുന്ന ഗോവിന്ദൻ പാർട്ടി ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയാണ് പാർട്ടിയുടെ സൈദ്ധാന്തിക തലത്തിലേക്ക് ​എത്തുന്നത്. പിന്നീട് പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറി, സൈദ്ധാന്തിക പ്രശ്‌നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ് അദ്ദേഹം.

പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും അദ്ദേഹം ശ്രമിച്ചു. ഡിവൈഎഫ്‌ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്‌ നാലു പതിറ്റാണ്ട് മുമ്പ് എഴുതിയ പുസ്തകം ‘യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ’ ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്. പാർട്ടി ‘സ്വത്വ’ വിവാദത്തിൽപെട്ടപ്പോഴും, പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി ‘മാവോവാദ’ വിവാദത്തിൽപെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം.വി.ഗോവിന്ദൻ രക്ഷയ്‌ക്കെത്തി. എഴുതാൻ വേണ്ടി എഴുതുന്നത് തന്റെ ശീലമല്ലെന്ന് എം.വി.ഗോവിന്ദൻ പറയുന്നു.

കെ കുഞ്ഞമ്ബു, എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23-നാണ് എം.വി ഗോവിന്ദന്റെ ജനനം. കെഎസ്‌വൈഎഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇരിണാവ് യു.പി. സ്‌കൂളിൽ കായിക അധ്യാപകനായിരുന്നു ഗോവിന്ദൻ. മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനായതിനെ തുടർന്ന് പിന്നീട് അധ്യാപകവൃത്തിയിൽ നിന്ന് സ്വയം രാജിവച്ചു.

കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസർഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐഎം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്ബ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്ബ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ചിട്ടുണ്ട്.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. എൺപതുകളിൽ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.