ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന അബുദാബി ടി20 ലീഗ് 2022-ന്റെ ടീം മെന്ററായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തിനെ ബംഗ്ലാ ടൈഗേഴ്‌സ് തിരഞ്ഞെടുത്തു. 2022 മാർച്ചിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ശ്രീശാന്തിന്റെ ആദ്യ കോച്ചിംഗ് സ്റ്റെന്റാണിത്.
നേരത്തെ 2007-ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തിന്റെയും 2011-ൽ സ്വന്തം തട്ടകത്തിലെ ലോകകപ്പ് വിജയത്തിന്റെയും ഭാഗമായിരുന്നു അദ്ദേഹം. മാത്രമല്ല, 2006-നും 2007-നും ഇടയിൽ അന്താരാഷ്ട്ര കരിയറിൽ ഇന്ത്യയുടെ ചരിത്രപരമായ നിരവധി ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിനായി കളിച്ചിരുന്നു.
അബുദാബിയിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്ന ടൈഗേഴ്‌സ് ഷാക്കിബ് അൽ ഹസനെയാണ് നായകനായി തിരഞ്ഞെടുത്തിട്ടുള്ളത്, മുൻ ബംഗ്ലാദേശ് ഓൾറൗണ്ടർ അഫ്താബ് അഹമ്മദിനെ മുഖ്യ പരിശീലകനായും നസ്മുൽ അബെദിൻ ഫാഹിമിനെ അസിസ്റ്റന്റ് കോച്ചുമായും തിരഞ്ഞെടുത്തു. ഇപ്പോഴുള്ള ബംഗ്ലാദേശ് ടി20 ഐ ക്യാപ്റ്റൻ ഷാക്കിബ് ഫോർമാറ്റിൽ രണ്ടാം റാങ്കിലുള്ള ഓൾറൗണ്ടറാണ്, കൂടാതെ ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങളിലാണ്.
വെസ്റ്റ് ഇൻഡീസ് ഓപ്പണർ എവിൻ ലൂയിസ്, ന്യൂസിലൻഡിന്റെ കോളിൻ മൺറോ, പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ, ശ്രീലങ്കൻ പേസർ മതീശ പതിരണ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖർ.