4 ലീഫുകൾ, മണിക്കൂറിൽ 246 കി.മീ. വേഗം; എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി യൂസഫലി

0
87

ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളിൽ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഉൾപ്പെടുത്തി രൂപകൽപന ചെയ്തിരിക്കുന്ന ഹെലികോപ്റ്റർ ജർമനിയിലെ എയർബസ് കമ്പനിയിൽനിന്നുള്ളതാണ്. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് എം.എ.യൂസഫലി സ്വന്തമാക്കിയത്.

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാർക്കു പുറമേ ഏഴു യാത്രക്കാർക്കു സഞ്ചരിക്കാൻ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്തു നൽകുന്ന രണ്ടു സഫ്രാൻ എച്ച് ഇ എരിയൽ 2 സി 2 ടർബോ ഷാഫ്റ്റ് എൻജീൻ. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. സമുദ്രനിരപ്പിൽനിന്നു 20,000 അടി ഉയരത്തിൽ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണു പ്രത്യേകത.

ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തിൽ പച്ച കലർന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

2021 ഏപ്രിൽ 11നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചത്. രണ്ട് പൈലറ്റുമാർക്കു പുറമെ യൂസഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇറ്റാലിയൻ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.