അതിവേഗ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ‘ഗൂഗിള്‍ പേ’ സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ‘ഗൂഗ്ള്‍ പേ’ ഉപയോഗിച്ച് പണവിനിമയം നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലോകത്ത് ഏറെ സ്വീകാര്യത നേടിയ ഗൂഗ്ള്‍ പേയും രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്.
ഇതിനു പിന്നാലെ, ഖത്തര്‍ നാഷണല്‍ ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യൂ.ഐ.ബി) ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗ്ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും, ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലൂടെയും അറിയിപ്പ് നല്‍കി.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ േപ്ല സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന് ‘ജി പേ’ ആപ്ലിക്കേഷന്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും, അതിവേഗത്തിലും ഇടപാട് പൂര്‍ത്തിയാക്കാം എന്ന വാഗ്ദാനവുമായാണ് ബാങ്കുകള്‍ ഗൂഗ്ള്‍ പേ അവതരിപ്പിക്കുന്നത്.
ലോകകപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കാണികള്‍ക്ക് രാജ്യത്തെ പണമിടപാട് എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗ്ള്‍ പേ ഉപയോഗത്തിന് അനുവാദം നല്‍കിയത്. നിലവില്‍, ആപ്പ്ള്‍ പേ, സാംസങ് പേ എന്നിവക്ക് നേരത്തെ അനുവാദം നല്‍കിയിരുന്നു.