ആത്മഹത്യ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ പോലീസും നാട്ടുകാരും കൂടി രക്ഷപെടുത്തി

0
78

ആത്മഹത്യ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം റെയിൽവേ ട്രാക്കിലിറങ്ങി തമ്പാനൂർ ഭാഗത്തേക്ക് നടന്നു.

ഇതുകണ്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി. ഇതിനകം യുവതി ഉപ്പിടാംമൂട് പാലത്തിനടുത്തവരെ നടന്നെത്തിയിരുന്നു. പിന്നാലെ പൊലീസ് വരുന്നത് കണ്ട യുവതി വേഗത്തിൽ മുന്നോട്ടോടി. ഈ സമയം തമ്പാനൂർ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേയ്‌ക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസ് കൈയുയർത്തി ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകി. യുവതിക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതുകണ്ട ലോക്കോപൈലറ്റ് ബ്രേക്കിട്ടു.

തമ്പാനൂരിൽ നിന്ന് തിരിച്ചതേ ഉള്ളതിനാൽ ട്രെയിനിന്റെ വേഗത കുറവായിരുന്നു. യുവതിക്ക് ഏകദേശം തൊട്ടടുത്തെത്തിയപ്പോൾ ട്രെയിൻ നിന്നു. പൊലീസുകാർ യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു.

എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ മാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് യുവതിയെ രക്ഷപെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.