ഇന്ത്യയുടെ അതിശക്തമായ പ്രതിഷേധത്തിനിടെ ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ആറുദിവസത്തിനുശേഷം ചൈനയിലെ ജിയാംഗ് യിൻ തുറമുഖത്തേക്കു മടങ്ങി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ കപ്പൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലങ്കൻ തുറമുഖത്തെത്തിയത്. ഇന്നലെ പ്രാദേശിക സമരം നാലുമണിയോടെ മടങ്ങിയെന്നു തുറമുഖ മന്ത്രി നിർമൽ സിൽവ പറഞ്ഞു.
അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കും സഹകരണത്തിനും പ്രാധാന്യം നൽകിയാണ് കപ്പലിൻറെ സന്ദർശനമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതെന്ന് ലങ്കൻ വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.
കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള സംവിധാനങ്ങൾ കപ്പലിലുണ്ടെന്നാണ് ഇന്ത്യ ആശങ്കപ്പെട്ടത്.
ഇന്ത്യൻ മഹാസമുദ്രത്തിൻറെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണം ഉൾപ്പെടെ നടത്തിയേക്കാമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയഗവേഷണത്തിനാണ് കപ്പൽ ഉപയോഗിക്കുന്നതെന്നാണ് ചൈനയുടെ വാദം.