മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്

0
55

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വർധനവും കണക്കാക്കിയാകണം ഇൻഡന്റ് തയ്യാറാക്കേണ്ടത്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും ഇനിമുതൽ മോണിറ്ററിംഗ് സംവിധാനമുണ്ടാകും. ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്ന് ആവശ്യകതയും വിതരണവും ഉറപ്പാക്കാൻ സംഘടിപ്പിച്ച പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മരുന്ന് ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എൽ.ന്റെ ഓൺലൈൻ സംവിധാനം ജീവനക്കാർ ഉപയോഗപ്പെടുത്തണം. പ്രത്യേകമായുള്ള സോഫ്റ്റ് വെയറിലൂടെ മരുന്നുകളുടെ റിയൽ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിന് ജീവനക്കാരെ സജ്ജമാക്കണം. ഇതിലൂടെ ആ ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് വിതരണം ചെയ്യാനും സാധിക്കും.

ഓരോ ആശുപത്രിയും കൃത്യമായി അവലോകനം നടത്തി വേണം ഇൻഡന്റ് തയ്യാറാക്കേണ്ടത്. സമയബന്ധിതമായി ഇക്കാര്യം കെ.എം.എസ്.സി.എൽ.നെ അറിയിക്കണം. ഏതൊരു മരുന്നിന്റേയും നിശ്ചിത ശതമാനം കുറവ് വരുമ്പോൾ ആശയവിനിമയം നടത്തണം. അതിലൂടെ കുറവുള്ള മരുന്നുകൾ ലഭ്യമാക്കാൻ കഴിയുന്നു. മരുന്നുകൾ കൃത്യമായി വിതരണം ചെയ്യാനും നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഏകോപനമുണ്ടാക്കാൻ ഒരാൾക്ക് ചുമതല നൽകണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എംഡി ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി.പി. പ്രീത, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ പങ്കെടുത്തു.

ജില്ല മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, കെ.എം.എസ്.സി.എൽ. ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റോർ സൂപ്രണ്ടുമാർ എന്നിവർ പരിശീലന ശിൽപശാലയിൽ പങ്കെടുത്തു.