Monday
12 January 2026
27.8 C
Kerala
HomeKeralaകൊല നടത്തിയത് ഒറ്റയ്ക്കാണ് യൂട്യൂബ് നോക്കിയാണ് കൊന്നത്; അര്‍ഷാദിന്റെ മൊഴി

കൊല നടത്തിയത് ഒറ്റയ്ക്കാണ് യൂട്യൂബ് നോക്കിയാണ് കൊന്നത്; അര്‍ഷാദിന്റെ മൊഴി

ഇന്‍ഫോ പാര്‍ക്കിനടുത്തെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും യൂട്യൂബ് നോക്കിയാണ് കൊന്നതെന്നും പിടിയിലായ പ്രതി കെ കെ അര്‍ഷാദിന്റെ മൊഴിയില്‍ പറയുന്നു.

കൊല്ലപ്പെട്ട സജീവ് കൃഷ്ണനും അര്‍ഷാദും തമ്മിലുണ്ടായിരുന്ന ലഹരി ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.’അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു’, പൊലീസിന് നല്‍കിയ മൊഴിയില്‍ അര്‍ഷാദ് പറയുന്നു.

കത്തിവച്ച്‌ മനുഷ്യ ശരീരത്തില്‍ എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കി. സംഭവ ദിവസം അമിതമായ അളവില്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നു. ലഹരി മരുന്ന് വാങ്ങി വില്‍പന നടത്താന്‍ സജീവിന് പണം കടം നല്‍കിയിരുന്നു. എന്നാല്‍ വിറ്റ ശേഷം പണം തിരിച്ച്‌ നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ലഭിച്ചില്ല.

ഫ്ളാറ്റിലെ കിടപ്പു മുറിയില്‍ വച്ച്‌ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് സജീവ് ഉറക്കത്തിലായ സമയം കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്ന് പോകുന്ന ഡക്റ്ററില്‍ തള്ളിക്കയറ്റുകയായിരുന്നു.

ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന പ്രതിയുടെ മൊഴി വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളെന്ന് പൊലീസ് പറഞ്ഞു. മുറിയില്‍ നിന്ന് കൊലയ്ക്കുപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments