ന്യൂയോർക്ക് സിറ്റിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം

0
81

ന്യൂയോർക്ക് സിറ്റിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. ഒരു ക്ഷേത്രത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ മാസം ഗാന്ധി പ്രതിമയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഓഗസ്റ്റ് 16ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘമാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ശ്രീ തുൾസി മന്ദിറിലുള്ള പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. സ്ലെഡ്ജ് ഹാമർ ഉപയോഗിച്ചാണ് ആക്രമികൾ പ്രതിമ തകർത്തത്. പ്രതിമയ്ക്ക് സമീപത്തും റോഡിലുമെല്ലാം വിദ്വേഷം നിറഞ്ഞ വാക്കുകൾ എഴുതി വെയ്ക്കുകയും ചെയ്തതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 3നും ഒരു സംഘം അക്രമികൾ ഗാന്ധി പ്രതിമ തകർത്തിരുന്നു. അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. 25നും 30നും ഇടയിൽ പ്രായം തോന്നിപ്പിക്കുന്നവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത് എ്ന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിന് പിന്നാലെ ഇവർ വെള്ള നിറമുള്ള മെഴ്‌സിഡസ് ബെൻസിലും ടൊയോട്ടയുടെ കാംറിയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വാഹനത്തിലും കടന്നുകളയുകയായിരുന്നു.

അതേസമയം, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫർ രാജ്കുമാർ സംഭവത്തെ അപലപിച്ചു. കുറ്റവാളികളെ വേഗത്തിൽ പിടികൂടുകയും നിയമത്തിന്റെ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുകയും വേണമെന്ന് ജെന്നിഫർ ആവശ്യപ്പെടുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂയോർക്കിലും ജൂലൈയിൽ കാനഡയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു.