കുറ്റകൃത്യങ്ങൾ തടയാൻ ഫ്ളാറ്റുകളിലെ നിരീക്ഷണം ശക്തമാക്കും: കൊച്ചി സിറ്റി പോലീസ് കമ്മിഷണർ

0
52

കുറ്റകൃത്യങ്ങൾ തടയാൻ ഫ്ളാറ്റുകളിലെ നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി. എച്ച്. നാഗരാജു അറിയിച്ചു. ഇത് സംബന്ധിച്ച് റസിഡൻസ് അസോസിയേഷനുകൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർദേശം പാലിച്ചില്ലെങ്കിൽ ഫ്ളാറ്റ്, വീട് ഉടമകൾക്കെതിരെ പ്രേരണക്കുറ്റം ചുമത്തും.

പോലീസ് പരിശോധന പൂർത്തിയായവർക്ക് മാത്രം വാടകയ്ക്ക് നൽകണമെന്നും കമ്മീഷണർ പറഞ്ഞു. കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായിബന്ധപ്പെട്ടാണ് പോലീസിന്റെ നടപടി. ലഹരി മരുന്നുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതിയായ അർഷാദും ലഹരിക്ക് അടിമകളാണെന്നും പിടിയിലാകുമ്പോൾ അർഷാദിന്റെ കൈവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അർഷാദ്. അർഷാദിന്റെ സഹായി അശ്വന്തും പോലീസ് പിടിയിലാണ്.

പോലീസിനെ കണ്ട് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അർഷാദ് പിടിയിലായത്. മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫ്ളാറ്റിൽ സി. സി. ടി. വി സ്ഥാപിച്ചിരുന്നില്ല. ഫ്ളാറ്റിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും എന്നാൽ ആരും പോലീസിനെ അറിയിച്ചില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ഫ്ളാറ്റിൽ നിന്ന് ലഹരി മരുന്ന് ലഭിച്ചില്ലെങ്കിലും ംശയകരമായ ചില സൂചനകൾ കണ്ടെത്തിയതായും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.