ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലയുന്നതിനിടെ കസ്റ്റംസിന് തലവേദനയായി സസ്പെൻഷനും അറസ്റ്റും. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള തസ്തികകളോ സംവിധാനങ്ങളോ ഇല്ല.
കഴിഞ്ഞ ദിവസം ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. ഉദ്യോഗസ്ഥർ കുറവായതിനാൽ യാത്രക്കാർക്ക് ബാഗേജ് ലഭിക്കാൻ വൈകുന്നത് അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
ഉദ്യോഗസ്ഥ ക്ഷാമമുള്ളതിനാൽ അഞ്ച് കൺവെയർ ബെൽറ്റുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനിടയിലാണ് ഈ മാസം രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിക്കുന്നത്. വ്യാഴാഴ്ച ഒരു സൂപ്രണ്ട് അറസ്റ്റിലാകുകയും ചെയ്തു. 150ഓളം ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്തേക്ക് അനുവദിച്ച തസ്തിക 100ൽ താഴെ. ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 50ൽ താഴെയും. ബാഗേജ് ക്ലിയറൻസിൽ മാത്രമാണ് നിലവിൽ ഉദ്യോഗസ്ഥരുള്ളത്. ഇവരെത്തന്നെയാണ് ഇൻറലിജൻസ് യൂനിറ്റിലേക്കും നിയോഗിക്കുന്നത്. കോവിഡിനു മുമ്ബ് ഇവിടെ 80ഓളം ഉദ്യോഗസ്ഥരുണ്ടായിരുന്നു.