സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശം; നടപടിക്കൊരുങ്ങി ദേശീയ കമ്മീഷൻ

0
109

സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടുതൽ നടപടിക്കൊരുങ്ങുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരെ നിയമ നടപടിക്ക് ആലോചിക്കുകയാണ് ദേശീയ വനിതാ കമ്മീഷൻ. റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങളെ ദേശീയ വനിത കമ്മീഷൻ അപലപിച്ചു. കോടതിയുടെ പരാമ‍ർശങ്ങൾ അതീവ ദൗർഭാഗ്യകരമെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും രേഖ ശർമ കുറ്റപ്പെടുത്തി. കോടതി പരാമർശങ്ങൾക്കെതിരെ വ്യാപക വിമ‍ർശനം ഉയരുന്നതിനിടെയാണ് വിഷയത്തിൽ ദേശീയ വനിത കമ്മീഷനും പ്രതികരിക്കുന്നത്.

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശമുണ്ടായത്. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് കോടതി ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു.

സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്.