പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു മുൻപ് തന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തിൽ എട്ടേക്കറുള്ള കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.
പ്രളയത്തിൽ ഫാം മൊത്തമായി നശിച്ചിരുന്നു. കണ്ണുനീരോടെ അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ഉള്ളിൽ യഥാർത്ഥമായ ഒരു കർഷകൻ ഉണ്ട് എന്നുള്ളത് കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീണ്ടും ആ ഫാം പുനർനിർമിക്കാൻ കഴിഞ്ഞത്.
ഇവിടെ എത്തിച്ചേർന്നിരിക്കുന്ന കർഷകർക്ക് മുന്നിൽ തന്റെ സംഭാവന വളരെ ചെറുതാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാൽ ഈ അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്തുന്നതിനുള്ള പ്രചോദനം ആകുന്നുവെങ്കിൽ അതായിരിക്കും ഏറ്റവും കൂടുതൽ ചാരിതാർഥ്യം നൽകുന്നതെന്ന് ജയറാം പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ പൊന്നാട അണിയിച്ചു. വിവിധ വിഭാഗങ്ങളിലെ കർഷക അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിച്ചു.