യാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് വിമാനം ആറു മണിക്കൂർ വൈകി

0
81

സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു വിമാനം വൈകാൻ ഇടയാക്കിയത്.

ഞായറാഴ്ചയാണ് സംഭവം. പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇൻഡിഗോ വിമാനത്തിന് പറക്കാൻ അനുമതി ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

വിമാനത്തിൽവച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർ ഇത് എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടർന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

അതേസമയം, പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികൻ. ഈ സുഹൃത്ത് ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ കയറാൻ അതേ വിമാനത്താവളത്തിൽ എത്തിയിരുന്നു. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി. എന്നാൽ ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. അതിനിടെ വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചു.