‘ഇടം’ പദ്ധതി നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കും – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

0
62

നാടിനെ കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതിയാണ് ഇടമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.പദ്ധതിയുടെ ഭാഗമായി നല്ലളം ഗവ. ഹൈസ്കൂളിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ന്യായമായ ആവശ്യത്തിനുള്ള പരിഹാരമാണ് ‘ഇടം’.ഓരോ ഇടത്തിലും മാനസിക സമ്മർദമില്ലാതെ തുടരാൻ ഇത്തരം സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ മണ്ഡലത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഇടം’.പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിശ്രമ കേന്ദ്രം ഒരുക്കിയത്.മികച്ച ശുചിമുറി സൗകര്യത്തിനൊപ്പം, കിടക്കകളോടുകൂടിയ രണ്ടു കട്ടിൽ, കസേരകൾ, നാപ്കിൻ വെൻഡിങ് യന്ത്രം, വാട്ടർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 16.2 ലക്ഷം രൂപ ചെലവിട്ടാണ് ‘ഇടം’ നിർമ്മിച്ചത്.ബേപ്പൂർ മണ്ഡലത്തിലെ എല്ലാ പ്രധാന സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇടം സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കും.

ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിസി രാജൻ അധ്യക്ഷത വഹിച്ചു. കെ എസ് സി സി റീജിയണൽ മാനേജർ നീന സൂസൻ പുന്നൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ റഫീന അൻവർ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു,ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ പ്രതിനിധി ജയപ്രകാശൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.സെലീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ. ഷലീൽ സ്വാഗതവും ഹെഡ്മിസ്ട്രസ് പി യമുന നന്ദിയും പറഞ്ഞു.