ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജി.എസ്.ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളേയും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
നേരത്തെ ജൂലൈ 18 മുതൽ അവശ്യ സാധനങ്ങൾക്കുള്ള ജി.എസ്.ടി നിരക്കുകൾ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. അരിയും പാലും മോരും തൈരും ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി വർധിപ്പിച്ചത് വൻ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.
മുൻകൂട്ടി പാക്ക് ചെയ്ത ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള തീരുമാനം ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ ശവസംസ്കാരത്തിനും ജി.എസ്.ടി ഏർപ്പെടുത്തുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.