ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിൽ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പാളിയിട്ടും, വൈദ്യുതി ഭേദഗതി ബില്ലുമായി
കേന്ദ്രം. യുപിയിൽ പൊതുമേഖലയിലെ അഞ്ച് വൈദ്യുതി വിതരണ കമ്പനിയിൽ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡിനെ സ്വകാര്യവൽക്കരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്‌പുരും ഉൾപ്പെടുന്ന കിഴക്കൻ യുപിയിലെ വൈദ്യുതി വിതരണമായിരുന്നു കമ്പനി നിർവഹിച്ചിരുന്നത്.
വൈദ്യുതിവിതരണം കൂടുതൽ ആധുനീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമാണ് സ്വകാര്യവൽക്കരണമെന്നാണ് യോഗി സർക്കാർ വാദിച്ചിരുന്നത്. എന്നാൽ, വൈദ്യുതി ജീവനക്കാർ പണിമുടക്കിയതോടെ നീക്കത്തിൽനിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ–-കർഷക വിരുദ്ധ–-തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകരും കർഷകത്തൊഴിലാളികളും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. സിഐടിയു, അഖിലേന്ത്യ കിസാൻ സഭ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനുകളാണ് ‘ക്വിറ്റ് ഇന്ത്യ’ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. വിനാശകരമായ വൈദ്യുതി ബിൽ പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. സമരകേന്ദ്രങ്ങളിൽ ബില്ലിന്റെ പകർപ്പ് കത്തിച്ചു.