കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കടലോര നടത്തം സംഘടിപ്പിച്ചു. അഴീക്കോട് പുത്തന്‍പള്ളിയില്‍ നിന്ന് ആരംഭിച്ച് മുനക്കല്‍ ബീച്ച് വരെയുള്ള നടത്തം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഫ്‌ലാഗ് ഓഫ് ചെയ്തു. കടലും കടലോരവും സംരക്ഷിക്കാനായി കാലിക പ്രസക്തമായ പദ്ധതിയാണ് സര്‍ക്കാര്‍ നാപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ ജീവിതങ്ങള്‍ നിലനിന്നുപോകുന്നത് കടലിനെ ആശ്രയിച്ചാണ്. അതുകൊണ്ട് കടലിന്റെ സംരക്ഷണം നമ്മുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവരുള്‍പ്പടെ ഇരുന്നൂറോളം പേരാണ് കടല്‍ നടത്തത്തിന്റെ ഭാഗമായത്. കടലും തീരപ്രദേശവും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ഫിഷറീസ് വകുപ്പിന്റെ
ജനകീയ പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദരതീരം. പൊതുജന ബോധവല്‍ക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും സംസ്‌കരണവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ തീരദേശ പ്രദേശങ്ങളിലും ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പിലാക്കും.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് മിസ്രിയ മുസ്താഖ്‌ലി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ടി ജയന്തി, തീരദേശ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തീരദേശ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.