എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം, പിന്നിൽ കോൺഗ്രസ്; ഇ പി ജയരാജന്‍

0
64

തിരുവനന്തപുരം: എ.കെ.ജി സെൻ്ററിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്‍ററിൽ ബോംബെറിയുമെന്ന് കോൺഗ്രസ് പ്രഖ്യപിച്ചിരുന്നു. പ്രവർത്തകർ പ്രകോപിതരാകരുതെന്നും, അനിഷ്ടസംഭവങ്ങൾ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍‍ ആവശ്യപ്പെട്ടു.

നേരത്തെ എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആൻ്റണി രാജു പറഞ്ഞു.

രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തി. കന്റോൺമെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. നാടൻ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.