മൃഗസ്നേഹികൾക്ക് ഒരു സന്തോഷ വാർത്ത; ഇനി വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; വിവിധ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്

0
78

തിരുവനന്തപുരം: രാത്രികാല മൃഗചികില്‍സാ സേവനം ഉള്‍പ്പെടെ വീട്ടുപടിക്കല്‍ മൃഗചികില്‍സാ പദ്ധതികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. വിവിധ പദ്ധതികള്‍ക്കാണ് ഇതോടെ കേന്ദ്രം തുടക്കം കുറിച്ചിരിക്കുന്നത്. വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ കര്‍ഷകര്‍ക്ക് മൃഗചികില്‍സാ സേവനം ലഭ്യമാക്കുന്നതിനായി ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ മൃഗസംരക്ഷണ സ്ഥാപനങ്ങളില്‍ രാത്രികാല അടിയന്തിര മൃഗചികില്‍സാ സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നു.

പദ്ധതി മുഖേന അവശ്യ മരുന്നുകള്‍ 24 മണിക്കൂറും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്. ഈ പദ്ധതിക്ക് 46,59,720 രൂപ വിനിയോഗിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. അജിലാസ്റ്റ് അറിയിച്ചു. കര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി വെറ്ററിനറി ആംബുലന്‍സ് സൗകര്യത്തിനായി 1,26,000 രൂപ അനുവദിച്ചു. മൃഗസംരക്ഷണ മാതൃകാ പഞ്ചായത്ത് പദ്ധതി മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമഗ്ര മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കി. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ലാബുകളുടെ ശാക്തീകരണം പദ്ധതിയില്‍ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് 4,00,000 രൂപ അനുവദിച്ചു.

പ്ലാന്‍ സ്‌കീം 2021-22 എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിംഗ് സംരംഭകത്വ വികസന പരിപാടിക്കായി റാന്നി ആര്‍എഎച്ച്സിക്ക് 50,000 രൂപയും വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന് ഡി-ഹാറ്റിന് ഒരു ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഫാമുകളുടെ സംരക്ഷണവും ശക്തിപ്പെടുത്തലും പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫാമുകള്‍ ഉത്പാദന യൂണിറ്റുകളാക്കുകയും ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ പ്രദാനം ചെയ്യുന്നതിനുള്ള പ്രജനന കേന്ദ്രങ്ങളാക്കി ആധുനികവത്കരിക്കുകയും ചെയ്തു. ജില്ലയില്‍ നിരണത്ത് പ്രവര്‍ത്തിക്കുന്ന താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിന് പേരന്റഡ് സ്റ്റോക്ക്, തീറ്റപ്പുല്‍, പോഷക ദ്രവ്യങ്ങള്‍, മരുന്നുകള്‍, ജൈവവസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കുമായി 1,20,89,904 രൂപ വകയിരുത്തി നല്‍കി.