കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞ അമ്മയെ മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്ത് ഷാര്‍ജ പോലീസ്

0
90

ഷാര്‍ജ; രണ്ട് മാസം പ്രായമായ ആണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞ അമ്മയെ മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്ത് ഷാര്‍ജ പോലീസ്.
ബാലാവാകാശ സംരക്ഷണ കേന്ദ്രത്തിന്റെ പരാതിയിലായിരുന്നു നടപടി. ഷാര്‍ജയിലുള്ള പ്രശസ്തമായ സന്നദ്ധ സംഘടനയുടെ സ്ഥാപനത്തിന് മുന്‍പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു സ്ത്രീ അറസ്റ്റിലായതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു.

ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി സംഘടന അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ഒരു സ്ത്രീ കുഞ്ഞുമായി വരുന്നതും കുട്ടിയെ ഉപേക്ഷിച്ച്‌ പോകുന്നതും കണ്ടെത്താന്‍ പോലീസിന് സാധിച്ചു.
തുടര്‍ അന്വേഷണത്തില്‍ വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് അമ്മയെ പോലീസ് കണ്ടെത്തുകയായിരുന്നു. യുവതി അറബ് പൗരത്വമുള്ളയാളാണാണെന്ന് പോലീസ് പറഞ്ഞു. അവിഹിത ബന്ധത്തില്‍ നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും അവര്‍ മൊഴി പോലീസിനോട് വെളിപ്പെടുത്തി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സിഐഡി സംഘം കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.