അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 920 ആയി ഉയര്‍ന്നു

0
61

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 920 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്.
610 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ഇനിയും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഭൂചലനത്തെത്തുടര്‍ന്ന് നൂറിലധികം വീടുകള്‍ തകര്‍ന്നതായി താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പറഞ്ഞു. രാജ്യത്ത് കടുത്ത നാശനഷ്‌ടം ഉണ്ടായതിന് പിന്നാലെ വിദേശസഹായം അഭ്യര്‍ത്ഥിച്ച്‌ താലിബാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് തെക്ക്കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ (27 മൈല്‍) അകലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നതുമൊക്കെയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.