തിരുവനന്തപുരം: ഓഗസ്റ്റ് മാസം മുതല്‍ സംസ്ഥാനമൊട്ടാകെ വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസം ലഭ്യമാക്കുന്ന സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതി കര്‍ശനമായി നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇതിന് ജനപ്രതിനിധികളുടെ മേല്‍നോട്ടം ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ കൂമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വൈദ്യുതി ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഊര്‍ജ്ജിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 173 മെഗാവാട്ട് വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംത്തിട്ട ജില്ലയിലെ കക്കാട്ട് കെ.എസ്.ഇ.ബി പുതുതായി പണിയുന്ന 220 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനവും വൈദ്യുതി മന്ത്രി നിര്‍വഹിച്ചു. യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി. ഡയറക്ടര്‍ ഡോ. എസ്. ആര്‍. ആനന്ദ് സ്വാഗതം ആശംസിക്കുകയും പ്രസരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ സജി പൌലോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഇരു യോഗങ്ങളിലും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.