മൈസൂരു: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളോടൊപ്പം യോഗ അഭ്യസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൈസൂരു പാലസ് മൈതാനിയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഇത്തവണത്തെ യോഗ ദിന ആഘോഷം. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങി നിരവധി മന്ത്രിമാരും ബിജെപി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
യോഗ ചെയ്യുന്നതിനു മുന്നോടിയായി മൈസൂര്‍ മൈതാന പരിസരച്ച് തടിച്ചുകൂടിയ ജനങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. “ഇന്ന്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം നല്‍കുന്നു. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യത്തിനും ലോകത്തിനും സമാധാനം നല്‍കുന്നു.” യോഗയുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആഗോള സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ യോഗ സഹായിക്കുന്നു. അതോടൊപ്പം യോഗ നമ്മളെ അനുകമ്ബയും മനുഷ്യത്വവും ഉള്ള വ്യക്തികളാക്കുന്നു. നമ്മുടെ ഉള്ളില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. പ്രപഞ്ചം എന്നത് നമ്മുടെ ആത്മാവാണ്. കൂടാതെ, യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാറ്റിനെയും കുറിച്ച് ബോധവാന്മാരാക്കുകയും നമുക്കുള്ളില്‍ തന്നെ അവബോധം വളര്‍ത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഈ മഹാമാരി നമ്മളെ ചിന്തിപ്പിച്ചു, ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ പരിശീലിക്കുന്നുണ്ട്. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം നല്‍കുന്നു. യോഗ ആരോഗ്യവും സമാധാനവും നല്‍കുന്നതോടൊപ്പം തന്നെ ആഗോള പ്രതിഭാസവും കൂടിയാണ്. യോഗ മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് യോഗ ദിനത്തിന്റെ സന്ദേശം മാനവികതക്ക് വേണ്ടി എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യം അതിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ ഇന്ത്യയില്‍ യോഗ ദിനം ആഘോഷിക്കുന്നത്. യോഗാ ദിനത്തിന്റെ സ്വീകാര്യത എന്നത് ഇന്ത്യയുടെ സുന്ദരമായ ആത്മാവിനെ അടയാളപ്പെടുത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന ആശയമാണ്. ഇതാണ് സ്വാതന്ത്ര്യ സമരത്തിനുള്ള ഊര്‍ജ്ജം നല്‍കിയത്. നമ്മള്‍ എത്ര സമ്മര്‍ദ്ദത്തിലാണെങ്കിലും, കുറച്ച് മിനിറ്റ് മെഡിറ്റേഷന്‍ ചെയ്യുന്നത് നമ്മുടെ മനസ്സിനെ വിശ്രമിപ്പിക്കുകയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് യോഗയെ ഒരു അധികഭാരമായി കണക്കാക്കേണ്ട, നമുക്കും യോഗയെ അറിയണം, നാം യോഗയായി ജീവിക്കണം, അതിന് നാം യോഗയെ പിന്തുടരേണ്ടതുണ്ട്’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും യോഗാദിനം വിപുലമായി ആഘോഷിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യോഗദിനാഘോഷം. “യോഗ നമ്മുടെ പുരാതന ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണ്. നമ്മുടെ മനുഷ്യരാശിക്കുള്ള സമ്മാനം, അത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനമാണ്, നമ്മുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്നു,” രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് യോഗാ ദിനം വിപുലമായി ആഘോഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗാദിന പരിപാടികള്‍. 15000 പേരാണ് മൈസൂരില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.