പോരടിക്കാൻ പൃഥ്വിരാജും വിവേക് ഒബ്റോയിയും; ആവേശമുണർത്തി ‘കടുവ’ ലിറിക് വീഡിയോ

0
50

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവയുടെ ലിറിക് വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജിന്റെയും വിവേക് ഒബ്റോയിയുടെയും മാസ്, ആക്ഷന്‍ രംഗങ്ങള്‍ കോർത്തിണക്കിയാണ് ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ‘പാൽവർണ്ണ കുതിരമേൽ ഇരുന്നൊരുത്തൻ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ, മിഥുൻ സുരേഷ്, ശ്വേത അശോക് എന്നിവർ ചേർന്നാണ്. സന്തോഷ് വർമ്മയുടെ മനോഹരവരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്യുന്നത്.

‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.