ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി;ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കി ഭരണകൂടം

0
58

കൊളംബോ: ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കി ഭരണകൂടം.
ഇന്ധനക്ഷാമം അതിരൂക്ഷമായതോടെയാണ് രണ്ട് ആഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഭക്ഷ്യക്ഷാമ ഭീതിക്കിടെ കൃഷി ചെയ്യാനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക അവധി അനുവദിക്കുകയും ചെയ്തിരുന്നു.

വിദേശ നാണയശേഖരം കാലിയായതിനാല്‍ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ശ്രീലങ്കന്‍ ഭരണകൂടം. കരുതല്‍ശേഖരത്തിലുള്ള ഇന്ധനവും ഏതാനും ദിവസങ്ങള്‍ക്കകം തീരുമെന്നാണ് അറിയുന്നത്. ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ആഭ്യന്തര, പൊതുഭരണ മന്ത്രാലയം അറിയിച്ചു.

ഇന്ധനത്തിന്റെ കരുതല്‍ ശേഖരവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പൊതുഗതാഗതവും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈയൊരു സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുമായി ഓഫീസിലെത്താന്‍ നിര്‍ദേശിക്കുന്നതും പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ കുറഞ്ഞ ആളുകളെ മാത്രം ഓഫീസുകളില്‍ നിര്‍ത്തി ബാക്കിയുള്ളവരോടെല്ലാം വീടുകളില്‍നിന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ആഴ്ചത്തേക്കാണ് ആദ്യഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്.

1948ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്യം നേടിയ ശേഷം ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമമടക്കമുള്ള കടുത്ത ദുരിതമാണ് രാജ്യത്തെ 2.2 കോടി വരുന്ന ജനം അനുഭവിക്കുന്നത്. ഭരണ കെടുകാര്യസ്ഥതയ്‌ക്കൊപ്പം കോവിഡ് മഹാമാരി കൂടി വന്നതോടെയാണ് സാഹചര്യങ്ങള്‍ വഷളായത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായുള്ള ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്.