ഇന്ന് സമൂഹത്തിൽ ഏറെ ചർച്ചയാകുന്നു വിഷയമാണ് സൈബർ ബുള്ളിയിങ്. ഇതിനെതിരെ ഏറെ വിമർശനങ്ങൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. പേരും മുഖവും വെളിപ്പെടുത്താതെ ഒരു ഐഡിയക്കപ്പുറം ഇരുന്ന് ആളുകളെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഇന്ന് സമൂഹം നേരിടുന്ന വിപത്തുകളിൽ ഒന്ന് തന്നെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള കളിയാക്കലുകളും അധിക്ഷേപങ്ങളും തടയുന്നതിനുള്ള പുതിയ നിയമനിര്‍മാണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ഒരാളെ അപമാനിക്കുന്നത് കുറ്റമാക്കിക്കൊണ്ടുള്ള നിയമമാണ് ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയത്.
ഈ വേനലവസാനത്തോടെ രാജ്യത്തെ പീനല്‍ കോഡില്‍ കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തില്‍ വരും. പ്രാബല്യത്തിൽ വന്നാൽ ഓണ്‍ലൈന്‍ വഴി മറ്റുള്ളവര്‍ക്ക് എതിരെ അധിക്ഷേപകരവും അപമാനകരവുമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം യെന്‍ അതായത് 1.73 ലക്ഷത്തിലേറെ രൂപ പിഴയും നല്‍കേണ്ടിവരും. ഇതിനുമുമ്പ് ഇത്തരം കുറ്റങ്ങൾക്കെതിരെയുള്ള ശിക്ഷ 30 ദിവസത്തില്‍ താഴെ തടവും 10000 യെന്‍ പിഴയും ആയിരുന്നു. എന്നാൽ ഈ നിയമത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന വെല്ലുവിളി കൂടിയാണിത്.
അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ന് മിക്കവരും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. പക്ഷെ കടിഞ്ഞാണില്ലാത്ത വളരുന്ന സൈബര്‍ ബുള്ളിയിങ് എന്നറിയപ്പെടുന്ന വില്ലനെ ഒതുക്കാൻ ഇങ്ങനെയൊരു നിയമ നിർമാണം കൂടിയേ തീരു എന്ന് പ്രതികരിക്കുന്നവരും ഉണ്ട്. എന്നാൽ പുതിയ നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാണിച്ച് ജപ്പാനിലെ ക്രിമിനല്‍ അഭിഭാഷകനായ സെയോ ചോ അറിയിപ്പ് നൽകിയിട്ടുണ്ട്.