പ്രകൃതി ഒളിപ്പിച്ചു വെച്ച രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അന്ത്യമില്ല. എല്ലാത്തിനും കൃത്യമായ ഉത്തരം കണ്ടുപിടിക്കാനും മനുഷ്യന് സാധിച്ചിട്ടില്ല. ആ യാത്രകൾ ഇങ്ങനെ തുടരുകയാണ്. അങ്ങനയൊരു നിഗൂഢമായ സ്ഥലത്തെകുറിച്ചാണ് ഇന്ന് പറയുന്നത്. തടാകത്തിന്റെ പേര് ലേക് ഓഫ് നോ റിട്ടേൺ. ഇന്ത്യ-മ്യാന്മാർ അതിർത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ ലേക് ഓഫ് നോ റിട്ടേൺ എന്ന പേരിൽ തന്നെ ഒരു കൗതുകമില്ലേ? മടങ്ങി വരവ് ഇല്ലാത്ത ഒരു തടാകമോ? അതെന്താണ് അങ്ങനെയൊരു വിളിപ്പേര് എന്നറിയാൻ കൗതുകമില്ലേ? പരിശോധിക്കാം…
ഈ തടാകത്തിന് അടുത്തെത്തുന്നവർ പിന്നെ തിരിച്ച് മടങ്ങില്ലെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അത് തന്നെയാണ് ഇങ്ങനെയൊരു പേരിനും കാരണം. ഇതുമാത്രമല്ല ഈ തടാകത്തെ ചുറ്റിപറ്റി നിരവധി കഥകളും പറഞ്ഞുകേൾക്കാറുണ്ട്. അതിൽ ഒരു കഥ ഇതാണ്… പണ്ട് പണ്ട് ഗ്രാമത്തിലുള്ള ഒരാൾ തടാകത്തിൽ നിന്ന് വലിയൊരു മീനിനെ കിട്ടി. ഈ മീനിനെ അയാൾ കറി വെച്ച് ഗ്രാമത്തിലുള്ള എല്ലാർക്കുമായി വീതിച്ചു നൽകി. പക്ഷെ അതെ ഗ്രാമത്തിലുണ്ടായിരുന്ന ഒരു മുത്തശ്ശിയ്ക്കും അവരുടെ ചെറുമകൾക്കും മാത്രം ഈ വിരുന്നിൽ ക്ഷണം ലഭിച്ചില്ല. ഇതിൽ കോപിഷ്ടയായ തടാകത്തിലെ ദേവത അവരുടെ ഈ ഗ്രാമത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയും അവർ ഗ്രാമത്തിൽ നിന്ന് പോയ തൊട്ടടുത്ത ദിവസം ഈ ഗ്രാമം തടാകത്തിൽ മുങ്ങിപ്പോയി എന്നുമാണ് വിശ്വാസം.
തുമാത്രമല്ല, ഇതുപോലത്തെ നിരവധി കഥകൾ ഈ തടാകത്തെ ചുറ്റിപറ്റി നിലവിലുണ്ട്. എല്ലാ കഥകളുടെയും അടിസ്ഥാനം തടാകത്തിന് അടുത്ത് എത്തിയവരാരും തിരിച്ചെത്തിയിട്ടില്ല എന്നാണ്. ഈ തടാകത്തിന്റെ മറ്റൊരു പേര് നാവ്ങ് യാങ് തടാകം എന്നാണ്. മ്യാൻമാറിലെ നാഗാസിന്റെ അതിർത്തി പട്ടണമായ പാൻസൗവിനുകീഴിൽ ഇന്ത്യയുടെ അരുണാചൽ പ്രദേശിന്റെ അതിർത്തിയിലാണ് ബർമീസിലെ നോ റിട്ടേൺ തടാകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ബർമുഡ ട്രയാംഗിൾ എന്നും ഇത് അറിയപ്പെടാറുണ്ട്.