ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം

0
70

ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നല്‍കുന്നതില്‍ നിന്ന് അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്കി.

ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ/പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ യുവാക്കള്‍ക്കും കുട്ടികള്‍ക്കും കാര്യമായ സാമൂഹിക-സാമ്ബത്തിക അപകടസാധ്യത സൃഷ്ടിക്കുന്നതായി നിര്‍ദേശത്തില്‍ പറയുന്നു. ഈ ഓണ്‍ലൈന്‍ വാതുവയ്പ്പ് പരസ്യങ്ങള്‍, നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തനത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലം ചെയ്യുമെന്നും നിര്‍ദ്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഓണ്‍ലൈന്‍ വാതുവെപ്പിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്സ് റെഗുലേഷന്‍ നിയമം, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പ്രസ് കൗണ്‍സില്‍ നിയമം, 1978 പ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പത്രപ്രവര്‍ത്തന പെരുമാറ്റ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കുന്നില്ലെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാരും പ്രസാധകരും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങളോട് ഇത്തരം പരസ്യങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കി അത്തരം പരസ്യങ്ങള്‍ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2020 ഡിസംബര്‍ 4-ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പരസ്യങ്ങളെക്കുറിച്ചുള്ള അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതില്‍ ഓണ്‍ലൈന്‍ ഗെയിമിനെ കുറിച്ച്‌ അച്ചടി, ഓഡിയോ വിഷ്വല്‍ പരസ്യങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം ‘ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ’ നിര്‍ദേശം നല്‍കിയിട്ടുണ്ട്.