തൃശ്ശൂർ: തൃശൂരിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിൻറെ (46) മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബന്ധുക്കൾ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.
ഇന്നലെയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്‌മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളജ് അധികൃതർ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു. യൂസഫിന്റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളപ്പോൾ. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്.