ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക നിയമനത്തെച്ചൊല്ലി വിവാദം. റാങ്കുപട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളയാളെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ലെന്ന കാരണത്താല്‍ മണിക്കൂറുകള്‍ക്കകം അധികൃതര്‍ മറ്റൊരാളെ നിയമിച്ചു.
രേഖാമൂലമോ ഇ-മെയില്‍ മൂലമോ അറിയിപ്പു നല്‍കാതെ പകരം നിയമനം നടത്തിയതിനെതിരേ രണ്ടാം റാങ്കുകാരനായ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക് ഹൈദര്‍അലി കളക്ടര്‍ക്കു പരാതി നല്‍കി.
രണ്ടുമാസം മുന്‍പാണ് ഹോമിയോ വകുപ്പ് താത്കാലിക ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. 20 പേര്‍ പങ്കെടുത്ത അഭിമുഖത്തിനുശേഷം റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാംറാങ്ക് നേടിയയാള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ എംപ്ലോയ്മെന്റുവഴി നിയമനം നടന്നതോടെ ഒന്നാം റാങ്കുകാരനെ നീക്കി.
എംപ്ലോയ്മെന്റുവഴി നിയമനം ലഭിച്ചയാള്‍ കഴിഞ്ഞദിവസം അവധിയില്‍ പ്രവേശിച്ചതോടെയാണ് റാങ്കുപട്ടികയില്‍ രണ്ടാമതുള്ള ആഷിക് ഹൈദരലിയെ ബുധനാഴ്ച ഹോമിയോ ജില്ലാമെഡിക്കല്‍ ഓഫീസില്‍നിന്നു വിളിച്ചത്. വിളിച്ചസമയം എടുക്കാനായില്ല. പിന്നീട്, തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലെന്നറിയിച്ചു.
വ്യാഴാഴ്ച രാവിലെ ജില്ലാമെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി വിവരംതിരക്കി. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവ് അവിടേക്കു നല്‍കാമെന്നും അറിയിച്ചു.
എന്നാല്‍, അവിടെയെത്തിയപ്പോള്‍ രണ്ടാംറാങ്കുകാരനു പകരമായി മറ്റൊരാള്‍ ജോലിയില്‍ പ്രവേശിച്ചെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ത്തുടര്‍ന്നാണ് ആഷിക് പരാതി നല്‍കിയത്.
നിയമനം നല്‍കും
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഒഴിവുവന്നപ്പോള്‍ അടിയന്തര നിയമനം വേണ്ടിവന്നു. റാങ്കുപട്ടികയില്‍ മുന്നിലുള്ളവരെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണു മറ്റൊരാളെ നിയമിച്ചത്. രണ്ടാംറാങ്കുകാരനു നിയമനം നല്‍കുന്നതിന് ഒരു തടസ്സവുമില്ല.
ഡോ. ബോബന്‍
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)