സംസ്ഥാനത്ത് ഇന്ന് 2415 കൊവിഡ് ബാധിതർ ; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

0
34

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 796 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ, രണ്ട് മരണവും എറണാകുളത്താണ്. ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ബാക്കി 3 മരണം.

തിരുവനന്തപുരത്ത് 368 കേസുകളും കോട്ടയത്ത് 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശം നൽകി. മാസ്‌ക് ഉപയോഗം കർശനമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടന്നു. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്.