അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം ഏതാനും തിയേറ്ററുകളില്‍ റദ്ദാക്കി. പല തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച മാറ്റിനിര്‍ത്തിയാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷന്‍ നാല് കോടിയില്‍ താഴെയാണ്.
ജൂണ്‍ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 48 കോടിയേ ബോക്‌സ് ഓഫീസില്‍ തിരിച്ചുപിടിക്കാനായുള്ളൂ. ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ പൃഥ്വിരാജില്‍ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദിത്യ ചോപ്രയാണ് നിര്‍മിച്ചത്.
പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം അതിഗംഭീര വിജയമാണ് നേടിയത്. അതോടൊപ്പം തന്നെ 42 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജര്‍ ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ വരുമാനം നേടി പ്രദര്‍ശനം തുടരുകയാണ്.
ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ.
സമീപകാലത്ത് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഭൂല്‍ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണയുടെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്സി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതേ സമയം തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍, കന്നട ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.
Home Entertainment അക്ഷയ കുമാർ ചിത്രം കാണാൻ ആളില്ല; സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രദര്‍ശനം റദ്ദാക്കി തിയേറ്ററുകള്‍