കൊടുങ്ങല്ലൂര്‍: ഹൃദയാഘാതവുമായി കൊണ്ടുവന്ന രോഗിക്ക് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ അക്രമം. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുവന്ന കാര നടുമുറി രമേശനോടൊപ്പം വന്നവരാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്.
ചില്ലുകള്‍ തകര്‍ക്കുകയും ഡോക്ടറെയും ഇതര ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചില്ലുവാതില്‍ അടിച്ചുപൊളിച്ചു. അവശനിലയിലായ രോഗിയെ ഇവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. അതേ സമയം ചികിത്സ നല്‍കിയില്ലെന്നത് ശരിയല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണന് പറഞ്ഞു. അടിയന്തര ചികിത്സ നടത്തവേയാണ് കൂടെയുള്ളവര്‍ അക്രമം നടത്തിയത്. സ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതായും സൂപ്രണ്ട് വ്യക്തമാക്കി.