പബ്ജി കളിക്കാൻ അനുവദിക്കാത്ത അമ്മയെ മകൻ വെടിവച്ച് കൊന്നു

0
98

ലകനൗ: പബ്ജി കാരണം രാജ്യത്ത് മറ്റൊരു മരണം കൂടി. തന്നെ പബ്ജി കളിക്കാൻ അനുവദിക്കാത്ത അമ്മയെ മകൻ വെടിവച്ച് കൊന്നു. അച്ഛൻ്റെ തോക്ക്   ഉപയോഗിച്ചാണ് മകൻ അമ്മയ്ക്ക് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്തെന്ന് ലക്നൗ പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടന്നതായി അറിഞ്ഞാണ് ലക്നൗ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇല്ലാത്ത കൊലപാതകിയെ സൃഷ്ടിച്ച് കുട്ടി പൊലീസിനെ വഴി തിരിച്ചുവിടാൻ ശ്രമിച്ചു. ഒരു ഇലക്ട്രീഷ്യനാണ് കൊലപാതകിയെന്ന തരത്തിൽ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകം നടത്തിയത് അച്ഛന്റെതോക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മകൻ പബ്ജിയിൽ അടിമപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതിൽ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈൽ നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമാനമായ സംഭവം മാർച്ചിൽ മുംബൈയിലെ താനെയിലും നടന്നിരുന്നു. പബ്ജി കളിക്കുന്നതിനിടെയുണ്ടായ ശത്രുതയെ തുടർന്ന് താനെ സ്വദേശിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് വെടിവെച്ച് കൊന്നിരുന്നു.  മൂന്ന് പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വർത്തക് ന​ഗർ സ്വദേശി സഹിൽ ജാദവാണ് കൊല്ലപ്പെട്ടത്. സഹിലിന്റെ സുഹൃത്ത് പ്രണവ് മാലിയും മറ്റ് രണ്ട് പേരും ചേർന്നാണ് കൊലപാതകം നടത്തിയത്. പബ്ജി കളിക്കുന്നതിനിടെ ഇവർക്കിടയിൽ വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം.