സ്വന്തം വീട്ടിൽ കവർച്ച നടത്തിയ മകൻ പിടിയിൽ; അന്വേഷണം വഴിതെറ്റിക്കാൻ മുളക് പൊടിയും വിതറി; പക്ഷേ മണിക്കൂറുകൾക്കകം പൊലീസ് പൊക്കി

0
55

കോഴിക്കോട്: സ്വന്തം വീട്ടിൽ കവർച്ച നടത്തിയ മകൻ പിടിയിൽ. കോഴിക്കോട് പെരുവയൽ പരിയങ്ങാട്ട് സ്വദേശിയായ യുവാവാണ് പിതാവിന്റെ അലമാര കുത്തിത്തുറന്ന് പണം കവർന്നത്. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അച്ഛൻ കാണുന്നത് കുത്തിതുറന്ന് കിടക്കുന്ന അലമാരയാണ്. മുറിയിൽ നിറയെ മുളക് പൊടിയും വിതറിയിരുന്നു. തകർത്ത പൂട്ടും നിലത്ത് കിടപ്പുണ്ടായിരുന്നു. കള്ളനെ പിടിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മാവൂർ പൊലീസിൽ പരാതി നൽകി. നാൽപത്തിയെട്ട് മണിക്കൂർ കൊണ്ട് പൊലീസ് കള്ളനെ പൊക്കി.

എന്നാൽ കവർച്ചക്കാരനെ കണ്ട് പരാതിക്കാരനായ പിതാവ് ഞെട്ടി. അപ്പൂസ് എന്ന് വിളിക്കുന്ന ഒപ്പം താമസിക്കുന്ന സ്വന്തം മകനായിരുന്നു പ്രതി. ബാർബർ ജോലി ചെയ്യുന്ന മകൻ കടബാധ്യത തീർക്കാനാണ് സ്വന്തം വീട്ടിൽ കവർച്ച നടത്തിയത്. അതും അന്വേഷണം വഴിതെറ്റിക്കാൻ വളരെ ആസൂത്രിതമായി തന്നെ പണം കവർന്നു. പട്ടാപ്പകൽ നടന്ന കവർച്ചയാണ് മകനെ സംശയിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.

തന്റേതിനേക്കാൾ വലിയ ഷൂ ധരിക്കുകയും മുളക് പൊടിയിൽ മനപ്പൂർവ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോൾ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. അലമാരയിൽ നിന്ന് മുപ്പതിനായിരം രൂപ ആദ്യം എടുത്ത യുവാവ്, വീണ്ടും അടുത്ത ദിവസം ഇരുപതിനായിരം രൂപ എടുത്ത ശേഷം അലമാര കുത്തിപ്പൊളിച്ച് മുളക് പൊടി വിതറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിതാവിന്റെ അപേക്ഷയിൽ ജാമ്യത്തിൽ വിട്ടു.