ദില്ലി: ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഘട്ടം ഘട്ടമായാണ് എയർസൈഡിൽ ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) അറിയിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വിമാനത്താവളത്തിലും പരിസരത്തും ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പ്രോഗ്രാം നടപ്പിലാക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. ഇത് പ്രതിവർഷം ഏകദേശം 1,000 ടൺ ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും. മൂന്നോ, നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ പുറത്തിറക്കും.
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ഉയർന്ന വോൾട്ടേജുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വാഹനങ്ങൾക്ക് പുറമേ വിമാനത്താവളത്തിൽ എത്തുന്ന മറ്റ് വാഹനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക. വാഹനങ്ങളുടെ നിർമാതാക്കൾക്കൊപ്പം ചേർന്നാണ് ഡയൽ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.
2030-ഓടെ “നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട്” ആയി മാറുകയാണ് ഇവരുടെ ലക്ഷ്യം. ഇതിൽ ഊർജ്ജ സംരക്ഷണവും ഉൾപ്പെടുന്നുണ്ട്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരികയാണ് ഡയലിന്റെ ഉദ്ദേശം. വിമാനത്താവള പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് വലിയൊരു ചുവടുവയ്പ്പാണ്. ആദ്യമായാണ് രാജ്യത്തെയൊരു വിമാനത്താവളത്തിൽ ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത്.
നിലവിൽ ഡയൽ ഒരു ഇലക്ട്രിക്ക് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നും പാസഞ്ചർ ട്രാൻസ്പോർട്ട് സെന്റർ ബിൽഡിംങിലേക്ക് എത്താൻ യാത്രക്കാർക്ക് ഈ സർവീസ് ഉപയോഗിക്കാം. പുനരുപയോഗിക്കാവുന്ന സ്രോതസുകളാണ് വൈദ്യുതി ഉല്പാദിപ്പിക്കാനായി ഡയൽ തെരഞ്ഞെടുത്തിരിക്കുന്നത്. എമിഷൻ ഫ്രീയായിരിക്കും വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയെന്ന് ഉറപ്പാക്കുമെന്ന് ഡയൽ പറഞ്ഞു.