മുസ്ലീം പുരോഹിതനുമായി തർക്കിച്ചു, നൈജീരിയയിൽ ഒരാളെ ജനക്കൂട്ടം ചുട്ടുകൊന്നു

0
48

നൈജീരിയൻ തലസ്ഥാനമായ അബുജയിൽ യുവാവിനെ ജനക്കൂട്ടം ചുട്ടുകൊന്നു. മുസ്ലീം പുരോഹിതനുമായി തർക്കിച്ചതിൻ്റെ പേരിലാണ് അഹമ്മദ് ഉസ്മാനെ(30) ചുട്ടുകൊന്നത്. കഴിഞ്ഞ മാസം സോകോടോ നഗരത്തിൽ മതനിന്ദ ആരോപിച്ച് മുസ്ലീം വിദ്യാർത്ഥികൾ ക്രിസ്ത്യൻ വിദ്യാർത്ഥിനിയെ മർദിച്ച് അവശയാക്കി തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു.

ലുഗ്ബെ ഏരിയയിലെ ഒരു എസ്റ്റേറ്റ് കാവല്‍ക്കാരനാണ് കൊല്ലപ്പെട്ട അഹമ്മദ്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 200ഓളം പേർ ഇയാൾക്കെതിരെ അണിനിരന്നതായി പൊലീസ് പറയുന്നു. എന്നാൽ പ്രതിഷേധ കാരണം വ്യക്തമല്ലെന്നും, കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം നൈജീരിയയിൽ ആൾക്കൂട്ട ആക്രമണം വർധിക്കുകയാണ്.

രണ്ടാഴ്ച മുമ്പ് അബുജയുടെ വാണിജ്യ മോട്ടോർ ബൈക്ക് ഓപ്പറേറ്റർമാരും, വ്യാപാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് ലാഗോസിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ 38 കാരനായ സൗണ്ട് എഞ്ചിനീയർ മരിച്ചു. ശക്തമായ നടപടി ഉണ്ടാവാത്തതാണ് ആൾക്കൂട്ട ആക്രമണങ്ങളൾ വർധിക്കാൻ കാരണമെന്ന് മനുഷ്യാവകാശകർ ആരോപിക്കുന്നു.