പാളയം മാർക്കറ്റിന്റെ അവസ്ഥ കണ്ടോ? ശുചീകരണത്തിന് നേരിട്ടെത്തി മേയർ ആര്യ രാജേന്ദ്രൻ

0
47

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരഹൃദയമായ പാളയം മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ മാറ്റി ശുചീകരണം ആരംഭിക്കാൻ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നേരിട്ടെത്തി. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലാണ് പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ന​ഗരസഭ മുന്നോട്ട് എന്ന ഹാഷ് ടാ​ഗോടെ ആര്യ രാജേന്ദ്രൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ശുചീകരണ ചിത്രം പങ്കുവെച്ചത്.

മാർത്തോമ്മാ യുവജന സഖ്യം തിരുവനന്തപുരം, കൊല്ലം ഭദ്രാസനവും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. മാലിന്യ നിർമ്മാർജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പൊതുജന പങ്കാളിത്തതോടുകൂടി നഗര ശുചീകരണം കാര്യക്ഷമമായി ഏറ്റെടുക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. – ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തിലാണ് ഈ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനും കോർപ്പറേഷൻ ആസ്ഥാനത്തിനുമെല്ലാം തൊട്ടടുത്താണ് ഈ മാലിന്യപ്രശ്നമുള്ളത്. പാളയം കണ്ണിമാറ മാർക്കറ്റിലെ മാലിന്യത്തിനുപുറമേ കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തള്ളുന്നുണ്ടെന്നാണ് വിവരം.