പാരിസ്: റഷ്യ ഉക്രൈനിനെ ആക്രമിച്ചുകൊണ്ട് നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധം പ്രഖ്യാപിച്ചതോടെ റഷ്യ ഒറ്റപ്പെട്ടിരിക്കുന്നുവെന്നും യുദ്ധം നിർത്തുന്ന കാലത്ത് നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ബന്ധം പുനസ്ഥാപിക്കാൻ വഴിതുറക്കാമെന്നും മാക്രോൺ ഫ്രഞ്ച് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്തിന് വേണ്ടി എന്ന പേരിൽ സ്വയം ഒറ്റപ്പെട്ട് നടത്തുന്ന യുദ്ധനീക്കങ്ങളാണ് പുടിൻ നടത്തുന്നത്. സ്വയം ഒറ്റപ്പെടുന്നതിൽ നിന്ന് പുറത്ത് കടക്കുക എന്നത് പ്രയാസകരമാണെന്നും ഇമ്മാനുവൽ മാക്രോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, ഉക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള തന്റെ സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്നും, സന്ദർശനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആഗോളതലത്തിൽ ഉയർന്നുവരുന്ന ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധികൾക്ക് കാരണം യൂറോപ്യൻ രാജ്യങ്ങളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വെള്ളിയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിസന്ധിക്ക് കാരണക്കാർ റഷ്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി 24ന് റഷ്യ-ഉക്രൈൻ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. യുദ്ധത്തിൽ ആയിരക്കണക്കിന് ആൾക്കാർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയുമുണ്ടായി.