നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഹാജരാകേണ്ട തീയതി മാറ്റി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
95

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഹാജരാകേണ്ട തീയതി മാറ്റി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ജൂൺ 13 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  ജൂൺ ഒന്നിന് രാഹുലിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നൽകിയത്. നേരത്തേ ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. തീയതി മാറ്റി നൽകാൻ അന്വേഷണ ഏജൻസിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിദേശത്താണ് രാഹുൽ. ജൂൺ 5നാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുക. 
സോണിയാ ഗാന്ധി നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായി ജൂൺ 8ന് അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയാ ഗാന്ധി നിലവിൽ ഐസൊലേഷനിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് ,സുര്‍ജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുന്പ് വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി 
ഇതിന് പിന്നാലെ ഇഡി നടപടിയില്‍ അപലപിച്ച് കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍  ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ.