മുൻകാമുകിയോട് പക, തന്റെ പേര് അവളുടെ മുഖത്ത് ടാറ്റൂ ചെയ്ത് യുവാവ്

0
56

ജീവിതത്തിൽ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. എന്നാൽ, അത് ചിലപ്പോൾ ഇരുതല മൂർച്ചയുള്ള ഒരു വാളായി മാറാം. പകയുടെയും, അസൂയയുടെയും കനലുകൾ അതിനെ വികൃതമാക്കിയെന്നിരിക്കാം. തന്നെ ഉപേക്ഷിച്ച് പോകാൻ ശ്രമിച്ച മുൻ കാമുകിയോട് പ്രതികാരം തീർക്കാൻ ബ്രസീലിൽ നിന്നുള്ള ഇരുപതുകാരൻ അവളെ തട്ടിക്കൊണ്ടുപോയി, കവിളിൽ അയാളുടെ പേര് ടാറ്റൂ ചെയ്തു. തന്റെ പ്രണയം നിരസിച്ച വൈരാഗ്യമായിരുന്നു അയാളെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. പെൺകുട്ടിക്ക് 18 വയസ്സാണ് പ്രായം. വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലേക്ക് പോകും വഴി, അവളുടെ മുൻ കാമുകൻ ഗബ്രിയേൽ കൊയ്‌ലോ അവളെ സമീപിച്ച് തന്റെ കാറിൽ കയറാൻ നിർബന്ധിച്ചു. വഴങ്ങിയില്ലെങ്കിൽ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് പെൺകുട്ടി അയാളോടൊപ്പം വണ്ടിയിൽ കയറി.

അവളെ വാഹനത്തിൽ കയറ്റി അയാൾ തൗബാറ്റെ മുനിസിപ്പാലിറ്റിയിലെ തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കൊയ്‌ലോ പെൺകുട്ടിയുടെ മുഖത്തിന്റെ വലതുവശത്ത് അവന്റെ പേര് ടാറ്റൂ ചെയ്തു. അവളുടെ ചെവി മുതൽ താടി വരെ ടാറ്റൂ ഉപയോഗിച്ച് തന്റെ മുഴുവൻ പേരും അവൻ കുത്തി വച്ചു. അതേസമയം സ്കൂളിൽ പോയ മകൾ തിരികെ വീട്ടിലെത്താതായപ്പോൾ അവളുടെ അമ്മ ഭയന്നു. അവളുടെ അമ്മ മകളെ കാണാതായെന്ന് കാണിച്ച് പൊലീസിൽ പരാതി കൊടുത്തു. തിരച്ചിലിനൊടുവിൽ അവളെ പൊലീസ് കൊയ്ലോയുടെ വസതിയിൽ വച്ച് കണ്ടെത്തി. തുടർന്ന് അവൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖത്തെ ടാറ്റൂ ചെയ്ത പാടും, നിരവധി മുറിവുകളും അവൾ അമ്മക്ക് കാണിച്ചു കൊടുത്തു. ഇതിനെ തുടർന്ന് അമ്മയുടെ നിർദേശപ്രകാരം മുൻ കാമുകനെതിരെ മകളും പരാതി നൽകി. തന്നെ ശാരീരികമായും, മാനസികമായും അയാൾ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന്, ശനിയാഴ്ച്ച കൊയ്‌ലോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പക്ഷേ അയാൾക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. ടാറ്റൂ ചെയ്തത് താൻ തന്നെയാണെന്ന് അവൻ പിന്നീട് തുറന്ന് സമ്മതിച്ചു. എന്നാൽ തന്റെ പേര് ടാറ്റൂ ചെയ്യാൻ തന്റെ കാമുകിയ്ക്ക് സന്തോഷമായിരുന്നുവെന്നാണ് അയാളുടെ വാദം. അവളുടെ സമ്മതത്തോടെയാണ് ടാറ്റൂ ചെയ്തതെന്നാണ് അയാളുടെ ന്യായീകരണം. എന്നാൽ അയാളെ പേടിച്ചാണ് താൻ എതിർക്കാതിരുന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവം വൈറലായതോടെ ടാറ്റൂ നീക്കം ചെയ്യാൻ നിരവധി പേർ സഹായവുമായി മുന്നോട്ട് വന്നു. കൊയ്‌ലോ ഒരു ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായതിനാൽ പെൺകുട്ടിയുടെ ശരീരത്തിൽ പലയിടത്തും അയാൾ തന്റെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. 2019 -ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിക്കുന്നത്. എന്നാൽ, ഒരു വർഷത്തിനുശേഷം, അസൂയയും, സംശയരോഗവും മൂലം കൊയ്‌ലോ പെൺകുട്ടിയെ ആക്രമിക്കാൻ തുടങ്ങി. ആ സമയത്ത് അവളുടെ അമ്മ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മകളെ ഉപദേശിച്ചു. മാസങ്ങളോളം അവർ പിരിഞ്ഞു കഴിഞ്ഞെങ്കിലും, അയാൾ വീണ്ടും അവളെ തേടിയെത്തുകയും, ഉപദ്രവിക്കുകയും ചെയ്തു. തമ്മിൽ കാണാൻ നിയമപരമായ വിലക്ക് നിലനിൽക്കുമ്പോഴാണ് അയാളുടെ ഈ പ്രവൃത്തി. അതുകൊണ്ട് തന്നെ ഇപ്രാവശ്യം അയാൾ ജയിലിനകത്താകുമെന്ന് അനുമാനിക്കുന്നു.