Wednesday
17 December 2025
26.8 C
Kerala
HomeEntertainmentബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊല്‍ക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നെന്നും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്ന റിപ്പോർട്ട്.

കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53). കൊല്‍ക്കത്തയില്‍ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. കെ.കെ. എന്നപേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. സരാ സരാ..( ജന്നത്ത്) ഡോളാരേ.. ഡോളാരേ. (ദേവ്ദാസ്),”തു ജോ മില” (ബജ്രംഗി ഭായ്ജാന്‍) തഡപ് തഡപ് (ഹം ദില്‍ ദേ ചുകേ സനം), ദസ് ബഹാനെ (ദസ്), ട്യൂണ്‍ മാരി എന്‍ട്രിയാന്‍ (ഗുണ്ടേ), ”ഗോരി ഗോരി” (മെയിന്‍ ഹൂ നാ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments