ജോലി നഷ്ടമായതോടെ കിടപ്പാടം ഉപേക്ഷിക്കേണ്ടി വന്ന് ബീച്ചില്‍ അന്തിയുറങ്ങിയിരുന്ന പ്രവാസി കുടുംബത്തെ നാടുകടത്തി

0
82

കുവൈത്ത് സിറ്റി: ജോലി നഷ്ടമായതോടെ കിടപ്പാടം ഉപേക്ഷിക്കേണ്ടി വന്ന് ബീച്ചില്‍ അന്തിയുറങ്ങിയിരുന്ന പ്രവാസി കുടുംബത്തെ കുവൈത്തില്‍ നിന്ന് അധികൃതര്‍ നാടുകടത്തി. ജോര്‍ദാന്‍ പൗരനായ യുവാവും ഭാര്യയും ഏഴും അഞ്ചും മൂന്നു വയസുള്ള കുടികളും ഒരു വയസില്‍ താഴെ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമടങ്ങിയ കുടുംബത്തെയാണ് അധികൃതര്‍ നാട്ടിലേക്ക് അയച്ചത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്‍തിരുന്ന യുവാവിനും ഭാര്യയ്‍ക്കും കൊവിഡ് പ്രതിസന്ധിക്കാലത്ത് ജോലി നഷ്ടമായതോടെ  ജീവിതം വഴിമുട്ടുകയായിരുന്നു. വാടക കൊടുക്കാനില്ലാതെ കിടപ്പാടം പോലും നഷ്ടമായതോടെയാണ് ശുവൈഖ് ബീച്ചില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയത്. പബ്ലിക് ടോയിലറ്റുകളായിരുന്നു പ്രാഥമിക ആവശ്യങ്ങള്‍ക്ക് കുടുംബം ഉപയോഗിച്ചിരുന്നതുംം
അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് ജോലി നഷ്ടമായതോടെ വാടക കൊടുക്കാന്‍ കഴിയാതെയായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ആദ്യ കാലത്ത് കാറിനുള്ളിലായിരുന്നു ഉറക്കം. എന്നാല്‍ പിന്നീട് കാര്‍ തകരാറിലായി വഴിയിലാതോടെ ഉറക്കം ബീച്ചിലായി. കുടുംബത്തിന്റെ അവസ്ഥ കണ്ട് മനസലിഞ്ഞ പലരും അവര്‍ക്ക് ഭക്ഷണവും വെള്ളുമൊക്കെ വാങ്ങി നല്‍കിയിരുന്നു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ബീച്ചില്‍ താമസിക്കുന്നുവെന്നുള്ള പരാതി ലഭിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അന്വേഷിച്ചെത്തിയത്. രാത്രി ഇവര്‍ ഉറങ്ങിക്കിടന്ന സമയത്താണ് ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുടുംബത്തിലെ എല്ലാവര്‍ക്കും രാജ്യത്ത് നിയമാനുസൃതമായ താമസ രേഖകളുണ്ടായിരുന്നു. യുവാവിന്റെയോ ഭാര്യയുടെയോ പേരില്‍ കേസുകളുമുണ്ടായിരുന്നില്ല.
പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ കുടുംബത്തിന് ഒരു ജീവിത മാര്‍ഗവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് രാജ്യത്തെ താമസ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുടുംബത്തെ നാടുകടത്താന്‍ തീരുമാനിച്ചത്. വരുമാന മാര്‍ഗമില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികളെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കാന്‍ കുവൈത്തിലെ നിയമപ്രകാരം അധികൃതര്‍ക്ക് അനുമതിയുണ്ട്.