നഗരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നടത്താനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞവർക്കുമുള്ള പ്രതിരോധ കുത്തിവെയ്‌പ് വലിയ ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാൾ, കല്യാണ ഹാളുകൾ, ട്രെയിനിങ് സെന്ററുകൾ എന്നിവയിൽ നടത്താമെന്നാണ് നിർദേശം.
ഇൻഡോർ, ഔട്ട്‌ഡോർ സ്‌റ്റേഡിയങ്ങൾ, സ്‌കൂൾ/കോളേജുകളിലെ ഒറ്റപ്പെട്ട കെട്ടിടങ്ങളും തെരഞ്ഞെടുക്കാം. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജരും മെഡിക്കൽ ഓഫീസർമാരുമടങ്ങുന്ന സംഘത്തിനാകും ക്യാമ്പിന്റെ ചുമതല. ജില്ലാ ആർസിഎച്ച് ഉദ്യോഗസ്ഥനാണ് വാക്‌സിനേഷന്റെ ഉത്തരവാദിത്തം.
തദ്ദേശഭരണ സ്ഥാപനങ്ങൾ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ, പൊലീസ്, റവന്യൂ, വിദ്യാഭ്യാസം, കായിക വകുപ്പ്, സർക്കാരിതര സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിയാണ് ക്യാമ്പുകൾ കണ്ടെത്തുന്നത്. ഈ ക്യാമ്പുകൾ കോർപറേഷൻ/ മുനിസിപ്പാലിറ്റി പരിധിയിൽവരണം. മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കലാണ് ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൂടി ലഭ്യമാകുന്ന തരത്തിലാണ് ക്യാമ്പ് സജ്ജീകരിക്കുക.
ജില്ലാ, നഗരസഭാ അധികൃതർ നേരിട്ട് പരിശോധിച്ച് ക്യാമ്പിന് അംഗീകാരം നൽകും. വാക്‌സിനേഷൻ ദിവസങ്ങൾ ജില്ലാ, നഗരസഭാ അധികൃതർ തീരുമാനിക്കും. സുഗമമായ നടത്തിപ്പിന് ജനങ്ങളുടെ സഹായംതേടണം.
വാക്‌സിനേഷന് കൃതൃമായ ഇടവേളകളുണ്ടാകണം. ഒരു ദിവസത്തെ വാക്‌സിനേഷന്റെ എണ്ണവും നൽകേണ്ടവരുടെ വിശദാംശങ്ങളും ദിവസേന ക്യാമ്പിൽ കൊണ്ടുവരണം. വാക്‌സിൻ ക്യാമ്പുകളിൽ സൂക്ഷിക്കരുത്. അസ്വാസ്ഥ്യമനുഭവപ്പെടുന്നവരെ കൊണ്ടുപോകാൻ വാഹനം സജ്ജമാക്കണം. ബയോമെഡിക്കൽ മാലിന്യസംസ്‌കരണസൗകര്യമൊരുക്കണം എന്നിവയും മാർഗനിർദേശത്തിലുണ്ട്.