നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

0
44

ദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ (Tara Air Flight) 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.

 

 
നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാൾ സ്വദേശികളും രണ്ട് ജര്‍മ്മൻ പൗരന്മാരും 3 നേപ്പാൾ സ്വദേശികളായ ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈന്യം തിരച്ചിൽ തുടരുന്നതിനിടെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങൾ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്‌തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും എത്തിച്ചേ‍ര്‍ന്നു. യാത്രക്കാരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന.